Home  > News  >  News Details
പുതിയ യമഹ സ്കൂട്ടര്‍ വിപണിയില്‍
സ്വന്തം ലേഖകന്‍
Posted on: Saturday, Mar 15, 2014   3:30 PM


ഗീയര്‍ലെസ് സ്കൂട്ടര്‍ വിഭാഗത്തില്‍ യമഹയുടെ മൂന്നാമത്തെ മോഡലായ ആല്‍ഫ വില്‍പ്പനയ്ക്കെത്തി . 2012 സെപ്റ്റംബറിലായിരുന്നു യമഹ ആദ്യ മോഡലായ റേ പുറത്തിറക്കിയത്. കഴിഞ്ഞ വര്‍ഷം മേയില്‍ റേ യുടെ തന്നെ പരിഷ്കരിച്ച മോഡലായ റേ സിയും വിപണിയിലിറക്കി.


സുസൂക്കി ആക്സസ്, ഹോണ്ട ആക്ടിവ എന്നിവയോട് മത്സരിക്കുന്ന ആല്‍ഫയുടെ മുംബൈ എക്സ്ഷോറൂം വില 48,175 രൂപയാണ്. കറുപ്പ്, വെളുപ്പ്, ചുവപ്പ്, ഗ്രേ, മജന്ത എന്നീ അഞ്ച് നിറങ്ങളില്‍ ലഭ്യമാണ്.


യുവതലമുറയ്ക്കായാണ് റേ എത്തിയതെങ്കില്‍ അല്‍പ്പം കൂടി മുതിര്‍ന്നവരെ ലക്ഷമിട്ടാണ് ആല്‍ഫയുടെ വരവ്. അതുകൊണ്ടുതന്നെ ആല്‍ഫയ്ക്ക് അടിപൊളി സ്റ്റൈല്‍ ഒഴിവാക്കിയിട്ടുണ്ട്. റേയിലെ അതേ 113 സിസി ഫോര്‍ സ്ട്രോക്ക് എന്‍ജിനാണ് ആല്‍ഫയ്ക്കും. 7,500 ആര്‍പിഎമ്മില്‍ ഏഴ് ബിഎച്ച്പിയാണ് പരമാവധി കരുത്ത്. പരമാവധി ടോര്‍ക്ക് 5,000 ആര്‍പിഎമ്മില്‍ 8.1 എന്‍എം. എന്നാല്‍ റേ യെ അപേക്ഷിച്ച് ഉയര്‍ന്ന മൈലേജ് ഈ മോഡല്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ലീറ്ററിന് 62 കിമീ ലഭിക്കുമെന്ന് കമ്പനി പറയുന്നു.നീളവും വീതിയുമുള്ള സീറ്റ് ‍, മുന്‍ചക്രത്തിന് ടെലിസ്കോപ്പിക്ക് ഫോര്‍ക്ക് സസ്പെന്‍ഷന്‍ എന്നിവ ആല്‍ഫയിലെ യാത്ര സുഖകരമാക്കും. സീറ്റിനടിയിലെ സ്റ്റോറേജ് സ്പേസിന് 21 ലീറ്ററാണ് ശേഷി.


നഗരവാസികളില്‍ ഗിയര്‍ലെസ് സ്കൂട്ടറുകളോടുള്ള താല്‍പര്യം വര്‍ദ്ധിച്ച് വരുന്നതു മനസിലാക്കിയാണ് യമഹ ഈ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2014 ല്‍ സ്കൂട്ടര്‍ വില്‍പ്പന 36 ലക്ഷം എണ്ണമാകുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍ ‍. ഒരു വര്‍ഷത്തിനകം രണ്ട് ലക്ഷം ആല്‍ഫ സ്കൂട്ടറുകള്‍ വില്‍പ്പന നടത്തുകയാണ് യമഹയുടെ ലക്ഷ്യം.



Related Stories
TOP

Car Bike








Designed and developed by EGGS