Home  > News  >  News Details
ബൈക്ക് വിപണിയില്‍ ബജാജിനെ പിന്തള്ളി ഹോണ്ട
സ്വന്തം ലേഖകന്‍
Posted on: Saturday, Oct 28, 2017   6:00 PM


ബൈക്ക് വിപണിയില്‍ ടിവിഎസിനെ ബജാജിനെ കടത്തിവെട്ടി ഹോണ്ട രണ്ടാം സ്ഥാനം സ്വന്തമാക്കി. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതി വരെയുള്ള വില്‍പ്പന കണക്കനുസരിച്ചാണിത്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‍സ് ( സിയാം) പുറത്തുവിട്ട കണക്ക് പ്രകാരം ഏപ്രില്‍ - സെപ്റ്റംബര്‍ കാലയളവില്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ 10.48 ലക്ഷം ബൈക്കുകളാണ് വില്‍പ്പന നടത്തിയത്. മുന്‍വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 19.80 ശതമാനമാണ് ഹോണ്ടയുടെ വില്‍പ്പന വളര്‍ച്ച. ബജാജ് ഓട്ടോയുടെ വില്‍പ്പന 10.10 ലക്ഷം യൂണിറ്റില്‍ ഒതുങ്ങി. വില്‍പ്പനയില്‍ 10.45 ശതമാനം കുറവുണ്ടായി.


രാജ്യത്തെ ഏറ്റവും വില്‍പ്പനയുള്ള ബൈക്ക് നിര്‍മാതാക്കള്‍ എന്ന സ്ഥാനം കാലങ്ങളായി ഹീറോ മോട്ടോ കോര്‍പ്പ് നിലനിര്‍ത്തുന്നു. ഏപ്രില്‍ - സെപ്റ്റംബര്‍ കാലയളവില്‍ 33,44,292 ബൈക്കുകളാണ് ഹീറോ വില്‍പ്പന നടത്തിയത്. വില്‍പ്പന വളര്‍ച്ച 10.20 ശതമാനം. എന്നാല്‍ സ്കൂട്ടര്‍ വിപണിയിലെ രണ്ടാം സ്ഥാനം ഹീറോയ്ക്ക് നഷ്ടമായി. ചെന്നൈ ആസ്ഥാനമായ ടിവിഎസ് മോട്ടോര്‍ കമ്പനിയാണ് ഹോണ്ട കഴിഞ്ഞാല്‍ ഏറ്റവും വലിയ സ്കൂട്ടര്‍ നിര്‍മാതാക്കള്‍ . ഏപ്രില്‍ മുതല്‍  സെപ്റ്റംബര്‍ വരെ ടിവിഎസ് 5,66,362 സ്കൂട്ടറുകള്‍ വില്‍പ്പന നടത്തി. വില്‍പ്പന വളര്‍ച്ച 41.30 ശതമാനമാണ്. ഹീറോയുടെ വില്‍പ്പന 4,43,321 എണ്ണമായിരുന്നു. റോയല്‍ എന്‍ഫീല്‍ഡാണ് ബൈക്ക് വിപണിയില്‍ അഞ്ചാം സ്ഥാനത്ത്.


2017 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ബൈക്ക് വില്‍പ്പന


ഹീറോ മോട്ടോ കോര്‍പ്പ് - 33,44,292 എണ്ണം.


ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ- 10,48,143 എണ്ണം.


ബജാജ് ഓട്ടോ - 10,10,559 എണ്ണം.


ടിവിഎസ് മോട്ടോര്‍ കമ്പനി - 4,84,370 എണ്ണം.


റോയല്‍ എന്‍ഫീല്‍ഡ് - 3,78,304 എണ്ണം.



Related Stories
TOP