Home  > News  >  News Details
റോയല്‍ എന്‍ഫീല്‍ഡ് മോഡലുകള്‍ ഇനി വേഗം കിട്ടും
സ്വന്തം ലേഖകന്‍
Posted on: Tuesday, Aug 29, 2017   4:00 PM


ബുള്ളറ്റ് പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളുടെ കാത്തിരിപ്പ് സമയം കുറയാന്‍ പോകുന്നു. എയ്ഷറിനു കീഴിലുള്ള റോയല്‍ എന്‍ഫീല്‍ഡിന്റെ മൂന്നാമത് നിര്‍മാണശാല ചെന്നൈയ്ക്ക് സമീപം വല്ലം വഡഗലില്‍ പ്രവര്‍ത്തനം തുടങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് ഇത്. അമ്പത് ഏക്കറിലായി വ്യാപിച്ച് കിടക്കുന്ന നിര്‍മാണശാലയില്‍ ആദ്യ ഘട്ടത്തില്‍ പ്രതിവര്‍ഷം മൂന്ന് ലക്ഷം മോട്ടോര്‍സൈക്കിളുകള്‍ നിര്‍മിക്കാനാവും. നടപ്പ് സാമ്പത്തിക വര്‍ഷം മൂന്ന് നിര്‍മാണശാലകളില്‍ നിന്നായി 8.25 ലക്ഷം വാഹനങ്ങള്‍ പുറത്തിറക്കാനാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ പദ്ധതി. ചെന്നൈയ്ക്ക് സമീപം തിരുവട്ടിയൂരും ഒറഗഡത്തുമാണ് കമ്പനിയുടെ മറ്റ് നിര്‍മാണശാലകള്‍ സ്ഥിതി ചെയ്യുന്നത്.


വല്ലം വഡഗലില്‍ 2014 ഒക്ടോബറിലാണ് നിര്‍മാണശാലയ്ക്കായി റോയല്‍ എന്‍ഫീല്‍ഡ് സ്ഥലം എറ്റെടുത്തത്. വെറും പതിനഞ്ച് മാസം കൊണ്ട് നിര്‍മാണശാലയുടെ പണി പൂര്‍ത്തിയാക്കി. ഇവിടെ നിര്‍മിക്കുന്ന മോഡലുകള്‍ വിദേശത്തേയ്ക്കും കയറ്റുമതി ചെയ്യും.
RE Classic 350
2016-17 സാമ്പത്തികവര്‍ഷം 6.67 ലക്ഷം വാഹനങ്ങളാണ് റോയല്‍ എന്‍ഫീല്‍ഡ് വില്‍പ്പന നടത്തിയത്. ജൂലൈ മാസം 64,459 യൂണിറ്റായിരുന്നു വില്‍പ്പന. 2016 ജൂലൈയെ അപേക്ഷിച്ച് 21 ശതമാനമാണ് വില്‍പ്പന വളര്‍ച്ച. നിലവില്‍ 31,532 രൂപയാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ ഓഹരിയുടെ വില.


റോയല്‍ എന്‍ഫീല്‍ഡിന്റെ ഏറ്റവും വില്‍പ്പനയുള്ള മോഡലായ ക്ലാസിക് 350 യ്ക്ക് നിലവില്‍ മൂന്ന് മാസമാണ് കാത്തിരിപ്പ് സമയം. ഇത് ഒരു മാസം ആയി കുറയാനാണ് സാധ്യത.




Related Stories
TOP