Home  > News  >  News Details
ഹോണ്ട ജാസ് പ്രിവിലേജ് എഡിഷന്‍
സ്വന്തം ലേഖകന്‍
Posted on: Tuesday, Aug 29, 2017   12:40 PM


പ്രീമിയം ഹാച്ച്ബാക്കായ ജാസിന്റെ പ്രത്യേക പതിപ്പിനെ ഹോണ്ട കാര്‍സ് ഇന്ത്യ വിപണിയിലിറക്കി. പ്രിവിലേജ് എഡിഷന്‍ എന്നാണ് പ്രത്യേക പതിപ്പിന് പേര്. ജൂലൈയില്‍ അമെയ്സ് സെഡാന്റെ പ്രിവിലേജ് എഡിഷന്‍ ഹോണ്ട പുറത്തിറക്കിയിരുന്നു.


ജാസിന്റെ വി വകഭേദത്തെ അടിസ്ഥാനമാക്കിയാണ് പ്രവിലേജ് എഡിഷന്‍ ഒരുക്കിയിരിക്കുന്നത്. പെട്രോള്‍ , ഡീസല്‍ , പെട്രോള്‍ ഓട്ടോമാറ്റിക് വകഭേദങ്ങള്‍ക്ക് ഇത് ലഭ്യമാണ്. രണ്ട് എയര്‍ബാഗുകള്‍ ,എബിഎസ്, ക്ലൈമറ്റ് കണ്‍ട്രോള്‍ എസി, റിവേഴ്സ് ക്യാമറ, അലോയ് വീല്‍ , മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേ, ബട്ടന്‍ അമര്‍ത്തി ക്രമീകരിക്കാവുന്ന ബാഹ്യമിററുകള്‍ എന്നീ ഫീച്ചറുകള്‍ വി വകഭേദത്തിനുണ്ട്. ഏഴിഞ്ച് ടച്ച് സ്ക്രീന്‍ ഡിജിപാഡ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് പ്രിവിലേജ് എഡിഷന്റെ പ്രധാന സവിശേഷത. സാറ്റലൈറ്റ് നാവിഗേഷന്‍ , 1.5 ജിബി ഇന്റേണല്‍ മെമ്മറി, മിറര്‍ ലിങ്ക് സപ്പോര്‍ട്ട്, ബ്ലൂത്ത്, രണ്ട് യുഎസ്‍ബി പോര്‍ട്ടുകള്‍ , രണ്ട് മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടുകള്‍ , എച്ച്ഡിഎംഐ പോര്‍ട്ട് എന്നിവ ഇതിലുണ്ട്. ബീജ് നിറത്തിലുള്ള സീറ്റ് കവര്‍ , ഫ്ലോര്‍ മാറ്റുകള്‍ , പ്രിവിലേജ് എഡിഷന്‍ എംബ്ലം, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍ എന്നിവയും അധികമായുള്ള മറ്റു ഫീച്ചറുകള്‍ .


Honda Jazz Privilege Edition
വി വകഭേദത്തെക്കാള്‍ വെറും 5,000 രൂപ അധികം കൊടുത്താല്‍ ജാസ് പ്രിവിലേജ് എഡിഷന്‍ സ്വന്തമാക്കാം. ഡല്‍ഹിയിലെ എക്സ്‍ഷോറൂം വില- പെട്രോള്‍ മാന്വല്‍ പ്രവിലേജ് എഡിഷന്‍ - 7.36 ലക്ഷം രൂപ, പെട്രോള്‍ ഓട്ടോമാറ്റിക് പ്രവിലേജ് എഡിഷന്‍ - 8.42 ലക്ഷം രൂപ, ഡീസല്‍ മാന്വല്‍ പ്രവിലേജ് എഡിഷന്‍ - 8.82 ലക്ഷം രൂപ.


ഉത്സവകാലത്ത് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് ജാസിന്റെ പ്രത്യേക പതിപ്പിനെ ഹോണ്ട അവതരിപ്പിച്ചിരിക്കുന്നത്. മാരുതി ബലേനോ, ഹ്യുണ്ടായി എലൈറ്റ് ഐ 20 മോഡലുകളുമായാണ് ജാസിന്റെ മത്സരം.




Related Stories
TOP