Home  > News  >  News Details
ഇന്ത്യയില്‍ ഡീസല്‍ കാര്‍ വില്‍പ്പന ഇടിഞ്ഞു
സ്വന്തം ലേഖകന്‍
Posted on: Friday, Aug 11, 2017   2:00 PM


ഇന്ത്യയിലെ ഡീസല്‍ കാര്‍ വില്‍പ്പനയില്‍ 2012 മുതല്‍ തുടര്‍ച്ചയായി ഇടിവ്. ഘന വ്യവസായ സഹമന്ത്രി ബാബുല്‍ സുപ്രിയോ ആണ് ലോക്‌സഭയില്‍ ഈ വിവരം അറിയിച്ചത്. പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ കാറുകള്‍ക്ക് ദേശീയ ഹരിത ട്രിബ്യൂണല്‍ നിരോധനമേര്‍പ്പെടുത്തിയതാകാം ഡീസല്‍ കാറുകളുടെ വില്‍പ്പനയില്‍ ഇടിവ് സംഭവിച്ചതിന് ഒരു കാരണമെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ച്ചറേഴ്‌സ് അറിയിച്ചതായും മറുപടിയില്‍ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.


നിലവില്‍ രാജ്യത്ത് വില്‍പ്പന നടക്കുന്ന നാലില്‍ മൂന്ന് കാറുകളും പെട്രോള്‍ ഉപയോഗിക്കുന്നതാണ്. 2012-13 ല്‍ ഇന്ത്യയില്‍ 47 ശതമാനം ഡീസല്‍ കാറുകളാണ് വിറ്റതെങ്കില്‍ 2013-14 ല്‍ 42 ശതമാനമായും 2014-15 ല്‍ 37 ശതമാനമായും 2015-16 ല്‍ 34 ശതമാനമായും കുറഞ്ഞു. ഏറ്റവുമൊടുവില്‍ 2016-17 ല്‍ 27 ശതമാനത്തിലെത്തി.


അതേസമയം പെട്രോള്‍ കാറുകളുടെ വില്‍പ്പന തുടര്‍ച്ചയായി വര്‍ധിക്കുകയാണ്. 2016-17 ല്‍ 73 ശതമാനം പെട്രോള്‍ കാറുകളാണ് വിറ്റത്. 2012-13 ല്‍ 53 ശതമാനം മാത്രമായിരുന്നു ഇത്. 2013-14 ല്‍ ഇത് 58 ശതമാനമായും 2014-15 ല്‍ 63 ശതമാനമായും 2015-16 ല്‍ 66 ശതമാനമായും വര്‍ധിച്ചു.



Related Stories





TOP

Car Bike








Designed and developed by EGGS