Home  > News  >  News Details
1000 സിസി, വി ട്വിന്‍ ബുള്ളറ്റ് എന്‍ജിന്‍
സ്വന്തം ലേഖകന്‍
Posted on: Wednesday, Aug 09, 2017   3:30 PM


റോയല്‍ എന്‍ഫീല്‍ഡ് എന്‍ജിന്‍ മോഡിഫിക്കേഷനിലൂടെ പേരെടുത്ത ഓസ്ട്രേലിയന്‍ ബ്രാന്‍ഡായ കാര്‍ബറി മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യന്‍ നിര്‍മിത 1,000 സിസി വി ട്വിന്‍ എന്‍ജിന്‍ പുറത്തിറക്കി. റോയല്‍ എന്‍ഫീല്‍ഡിന്റെ 500 സിസി എന്‍ജിന്റെ ഘടകങ്ങള്‍ ഉപയോഗിച്ചാണ് വി ട്വിന്‍ എന്‍ജിന്‍ നിര്‍മിച്ചിരിക്കുന്നത്. ഈ എന്‍ജിന്‍ നിലവില്‍ കയറ്റുമതിയ്ക്കായി മാത്രമാണ് നിര്‍മിക്കുന്നത്. എആര്‍എഐയുടെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ഇന്ത്യയിലും അവതരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ഈ വര്‍ഷം അവസാനത്തോടെ 1000 സിസി എന്‍ജിന്‍ ഘടിപ്പിച്ച കാര്‍ബറി ക്രൂസര്‍ ബൈക്ക് വിപണിയിലെത്താനാണ് സാധ്യത.
Carberry Motorcycles
നിലവില്‍ ചത്തീസ്ഗഡിലെ ഭിലായിലാണ് കാര്‍ബറി മോട്ടോര്‍സൈക്കിളിള്‍സിന്റെ നിര്‍മാണശാല. ഇത് അധികം വൈകാതെ പുണെയിലേയ്ക്ക് മാറ്റും. എന്‍ജിനൊപ്പം പ്രൈമറി ഡ്രൈവും ട്രാന്‍സ്മിഷനും ലഭിക്കും. റോയല്‍ എന്‍ഫീല്‍ഡിന്റെ അഞ്ച് സ്പീഡ് ഗീയര്‍ബോക്സാണ് ഉപയോഗിക്കുന്നത്.
Carberry Motorcycles
രണ്ട് ലീറ്റര്‍ കാര്‍ എന്‍ജിനുപയോഗിക്കുന്ന ഹെവി ഡ്യൂട്ടി സ്റ്റാര്‍ച്ചര്‍ മോട്ടോറും ക്ലച്ചുമാണ് കാര്‍ബറി വി ട്വിന്‍ എന്‍ജിന് ഉപയോഗിക്കുന്നത്. എന്‍ജിന്റെ കരുത്ത്, ടോര്‍ക്ക് തുടങ്ങിയ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. 1000 സിസി എന്‍ജിന് 4.96 ലക്ഷം രൂപയാണ് വില.
Carberry Motorcycles
ഓസ്ട്രേലിയക്കാരനായ പോള്‍ കാര്‍ബറിയാണ് കാര്‍ബറി മോട്ടോര്‍സൈക്കിള്‍സിന്റെ സ്ഥാപകന്‍ . 2011 ല്‍ ഉത്പാദനം അവസാനിപ്പിച്ച കാര്‍ബറി മോട്ടോര്‍ സൈക്കിള്‍സ്, ഇന്ത്യാക്കാരനായ ജാസ്‍പ്രീത് സിങ് ഭാട്ടിയയുടെ സഹകരണത്തോടെയാണ് വീണ്ടും ജീവന്‍ വച്ചത്. ഇരുവരും ചേര്‍ന്ന് സ്ഥാപിച്ച കമ്പനിയായ ഡ്രീം എന്‍ജിന്‍സ് ആന്‍ഡ് മോഡിഫിക്കേഷന്‍സ് ആണ് ഇപ്പോള്‍ കാര്‍ബറി മോട്ടോര്‍സൈക്കിള്‍സ് ബ്രാന്‍ഡിന്റെ ഉടമസ്ഥത. പോള്‍ കാര്‍ബറിയും ഭാര്യയും 2016 തുടക്കം മുതല്‍ ചത്തീസ്ഗഡിലെ ദുര്‍ഗ് ജില്ലയിലാണ് താമസം.






Related Stories
TOP