Home  > News  >  News Details
ജീപ്പ് കോംപസ് ബുക്ക് ചെയ്യാം
സ്വന്തം ലേഖകന്‍
Posted on: Monday, Jun 19, 2017   7:58 PM


ഓഗസ്റ്റില്‍ വില്‍പ്പനയ്ക്കെത്തുന്ന ജീപ്പ് കോംപസിന്റെ പ്രീ ബുക്കിങ് നാളെ ( ജൂണ്‍ 20) തുടങ്ങും. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.jeep-india.com ല്‍ ഓണ്‍ലൈനായോ ജീപ്പ് ഡീലര്‍ഷിപ്പില്‍ നേരിട്ടോ വണ്ടി ബുക്ക് ചെയ്യാം. 50,000 രൂപയാണ് ബുക്കിങ് ചാര്‍ജ്. കേരളത്തില്‍ കൊച്ചിയിലും തൃശൂരും ജീപ്പ് ഷോറൂമുണ്ട്.


ഫോഡ് എന്‍ഡേവര്‍ , ടൊയോട്ട ഫോര്‍ച്യൂണര്‍ , മിത്‍സുബിഷി പജേരോ സ്പോര്‍ട് മോഡലുകള്‍ക്ക് എതിരാളിയാണ് ജീപ്പ് കോംപസ്. ജീപ്പ് ഗ്രാന്‍റ് ചെരോക്കിയുടെ ചെറിയ പതിപ്പ് പോലെയാണ് കാഴ്ചയ്ക്ക് അഞ്ച് സീറ്റര്‍ ജീപ്പ് എസ്‍യുവി. 4.4 മീറ്റര്‍ നീളമുള്ള എസ്‍യുവിയ്ക്ക് 178 മിമീ ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്.
Jeep Compass
1.4 ലീറ്റര്‍ , ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ (160 ബിഎച്ച്പി-250എന്‍എം), 2.0 ലീറ്റര്‍ , മള്‍ട്ടിജെറ്റ് ഡീസല്‍ ( 170 ബിഎച്ച്പി-350 എന്‍എം)എന്‍ജിന്‍ വകഭേദങ്ങളുണ്ട്. ആറ് സ്പീഡ് മാന്വല്‍ ഗീയര്‍ബോക്സാണ് സ്റ്റാന്‍ഡേര്‍ഡ്. പെട്രോള്‍ കോംപസിന് ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗീയര്‍ബോക്സും ലഭ്യമാണ്. രണ്ട് എന്‍ജിനുകള്‍ക്കും നാല് വീല്‍ ഡ്രൈവ് , ഫ്രണ്ട് വീല്‍ ഡ്രൈവ് വകഭേദങ്ങളുണ്ട്. സ്പോര്‍ട് , ലോഞ്ചിറ്റൂഡ്, ലിമിറ്റഡ് എന്നിവയാണ് വകഭേദങ്ങള്‍ . മിനിമല്‍ ഗ്രേ, എക്സോട്ടിക്ക റെഡ്, ഹൈഡ്രോ ബ്ലൂ, വോക്കല്‍ വൈറ്റ്, ഹിപ് ഹോപ്പ് ബ്ലാക്ക് എന്നീ അഞ്ച് ബോഡി നിറങ്ങള്‍ ലഭ്യമാണ്.


ആദ്യത്തെ ഇന്ത്യന്‍ നിര്‍മിത ജീപ്പായ കോംപസ് ഫിയറ്റ് ക്രൈസ്‍ലര്‍ ഓട്ടോമൊബൈല്‍സി ( എഫ്‍സിഎ) ന്റെ രഞ്ജന്‍ഗാവ് പ്ലാന്റിലാണ് നിര്‍മിക്കുന്നത്. പ്രതീക്ഷിക്കുന്ന വില 18 ലക്ഷം രൂപ - 25 ലക്ഷം രൂപ. ജീപ്പ് കോംപസിന്റെ 65 ശതമാനം ഘടകങ്ങളും തദ്ദേശീയമായാണ് നിര്‍മിക്കുന്നത്.



Designed and developed by EGGS