Home  > News  >  News Details
ഹ്യുണ്ടായി എക്സന്റ് 2017 മോഡല്‍
സ്വന്തം ലേഖകന്‍
Posted on: Thursday, Apr 20, 2017   4:00 PM


ഹ്യുണ്ടായിയുടെ എന്‍ട്രിലെവല്‍ സെഡാനായ എക്സന്റിന്റെ പുതിയ പതിപ്പ് വിപണിയിലെത്തി. ഡല്‍ഹി എക്സ്‍ഷോറൂം വില 5.38 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു.


കഴിഞ്ഞവര്‍ഷം അവസാനത്തോടെ വിപണിയിലെത്തിയ നവീകരിച്ച ഗ്രാന്‍ഡ് ഐ 10 ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കിയാണ് പുതിയ എക്സന്റ് നിര്‍മിച്ചിരിക്കുന്നത്. രൂപത്തില്‍ കാര്യമായ മാറ്റങ്ങള്‍ക്കൊപ്പം പുതിയ 1.2 ലീറ്റര്‍ ഡീസല്‍ എന്‍ജിനും 2017 മോഡല്‍ എക്സന്റിനുണ്ട്.
Hyundai Xcent 2017
എലാന്‍ട്ര പോലുള്ള വലിയ സെഡാനുകളോട് രൂപസാദൃശ്യം തോന്നിക്കുന്ന ഗ്രില്ലാണ് പുതിയ എക്സന്റിന്. ഹ്യുണ്ടായി കുടംബത്തിലെ അംഗമെന്ന് ഒറ്റ നോട്ടത്തില്‍ പറയിക്കും ഗ്രില്‍ ഘടന. ബൂമറാങ്ങിന്റെ ആകൃതിയുള്ള എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാംപുകളുള്ള ഫ്രണ്ട് ബമ്പറും പുതിയതാണ്. കറുപ്പ് നിറത്തിലുള്ള ഇന്‍സേര്‍ട്ടുകള്‍ നല്‍കി ഹെഡ്‍ലാംപുകള്‍ ഭംഗിയാക്കിയിട്ടുണ്ട്.
Hyundai Xcent 2017
വശങ്ങളില്‍ നിന്നുള്ള കാഴ്ചയില്‍ മാറ്റമില്ല. പിന്‍ഭാഗവും കാര്യമായി പരിഷ്കരിച്ചിരിക്കുന്നു. ടെയ്ല്‍ലാംപുകള്‍ , ബമ്പര്‍ , ഡിക്കി ഡോര്‍ എന്നിവയ്ക്കെല്ലാം പുതുമയുണ്ട്. ഷാര്‍ക്ക് ഫിന്‍ ആന്റിന റൂഫില്‍ നല്‍കിയതും പുതിയ കാര്യം.
Hyundai Xcent 2017
പഴയതുപോലെ ബ്ലാക്ക് - ബീജ് വര്‍ണ്ണസങ്കലത്തിലുള്ള ഇന്റിരീയറിന് കാര്യമായ മാറ്റമില്ല. ഏഴിഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് പ്രധാന പുതുമ. ആന്‍ഡ്രോയ്ഡ് ഓട്ടോ , ആപ്പിള്‍ കാര്‍ പ്ലേ കണക്ടിവിറ്റി ഓപ്ഷനുകള്‍ ഇതിനുണ്ട്. എല്ലാ വകഭേദങ്ങള്‍ക്കും രണ്ട് എയര്‍ബാഗുകളുണ്ട്. മുന്തിയ വകഭേദങ്ങള്‍ക്ക് എബിഎസുണ്ട്. ബോഡി അളവുകളില്‍ മാറ്റിമില്ല. ബൂട്ട് സ്പേസ് 407 ലീറ്റര്‍ .


പെട്രോള്‍ , ഡീസല്‍ എന്‍ജിന്‍ വകഭേദങ്ങള്‍ എക്സന്റിനുണ്ട്. 1.2 ലീറ്റര്‍ , നാല് സിലിണ്ടര്‍ , കാപ്പ പെട്രോള്‍ എന്‍ജിന്‍ പഴയതുതന്നെ. ഇതിന് 82 ബിഎച്ച്പി -114 എന്‍എം ആണ് ശേഷി. അഞ്ച് സ്പീഡ് മാന്വല്‍ , നാല് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്‍മിഷന്‍ ഓപ്ഷനുകള്‍ ഇതിനുണ്ട്. മൈലേജ് : മാന്വല്‍ - 20.14 കിമീ/ ലീറ്റര്‍ , ഓട്ടോമാറ്റിക് - 17.36 കിമീ/ ലീറ്റര്‍ .
Hyundai Xcent 2017
പഴയ 1.1 ലീറ്റര്‍ , മൂന്ന് സിലിണ്ടര്‍  ഡീസല്‍ ( 71 ബിഎച്ച്പി -180 എന്‍എം) എന്‍ജിനു പകരം കരുത്ത് കൂടിയ 1.2 ലീറ്റര്‍ , നാല് സിലിണ്ടര്‍ , കോമണ്‍ റയില്‍ ഡീസല്‍ എന്‍ജിനാണ് 2017 മോഡല്‍ എക്സന്റിന്. എന്‍ജിന്‍ ശേഷി 74 ബിഎച്ച്പി- 190 എന്‍എം. അഞ്ച് സ്പീഡ് മാന്വല്‍ ആണ് ഗീയര്‍ബോക്സ്. മൈലേജ് : 25.4 കിമീ/ ലീറ്റര്‍ ( പഴയതിന് 24.40 കിമീ/ ലീറ്റര്‍ ) .


എന്‍ട്രി ലെവല്‍ സെഡാന്‍ വിപണിയില്‍ മാരുതി ഡിസയര്‍ , ഹോണ്ട അമെയ്സ് , ഫോക്സ്‍വാഗന്‍ അമിയോ, ടാറ്റ ടീഗോര്‍ , ഫോഡ് ആസ്പൈര്‍ മോഡലുകളുമായാണ് ഹ്യുണ്ടായി എക്സന്റ് മത്സരിക്കുന്നത്.
Hyundai Xcent 2017
അടിസ്ഥാന വകഭേദത്തിന്റെ വില 10,000 രൂപയോളം കുറഞ്ഞിട്ടുണ്ട്. എന്നാല്‍ മറ്റു വകഭേദങ്ങളുടെ വിലയില്‍ 10,000 രൂപ മുതല്‍ 30,000 രൂപ വരെ വര്‍ധനയുണ്ട്.


ഡല്‍ഹി എക്സ്‍ഷോറൂം വില


പെട്രോള്‍ : ഇ - 5.38 ലക്ഷം രൂപ, ഇ പ്ലസ്- 5.93 ലക്ഷം രൂപ,എസ് -6.29 ലക്ഷം രൂപ, എസ് എക്സ് -6.73ലക്ഷം രൂപ, എസ് എക്സ് ഓപ്ഷന്‍ - 7.51 ലക്ഷം രൂപ.


പെട്രോള്‍ ഓട്ടോമാറ്റിക് : എസ്  -7.09 ലക്ഷം രൂപ.


ഡീസല്‍ : ഇ - 6.28 ലക്ഷം രൂപ, ഇ പ്ലസ്-6.83 ലക്ഷം രൂപ,എസ് -7.19 ലക്ഷം രൂപ, എസ് എക്സ് -7.63 ലക്ഷം രൂപ, എസ് എക്സ് ഓപ്ഷന്‍ -8.41 ലക്ഷം രൂപ.



Related Stories





TOP
Designed and developed by EGGS