Home  > News  >  News Details
ടോപ് 10 കാറുകളില്‍ ഏഴും മാരുതിയുടേത്
സ്വന്തം ലേഖകന്‍
Posted on: Wednesday, Apr 19, 2017   12:40 PM


ഇക്കഴിഞ്ഞ സാമ്പത്തികവര്‍ഷം ഏറ്റവും വില്‍പ്പന നേടിയ 10 കാറുകളില്‍ ഏഴെണ്ണവും മാരുതി സുസൂക്കിയുടേത്. 2015-16 സാമ്പത്തികവര്‍ഷം അഞ്ച് മാരുതി മോഡലുകളാണ് ടോപ് 10 കാര്‍ പട്ടികയിലുണ്ടായിരുന്നത്. ഇത്തവണ മാരുതിയുടെ സിയാസ്, ബലേനോ മോഡലുകളും പട്ടികയില്‍ ഇടം നേടി. ആള്‍ട്ടോ, വാഗണ്‍ ആര്‍ , ഡിസയര്‍ , സ്വിഫ്ട്, സെലേറിയോ എന്നിവയാണ് പട്ടികയിലുള്ള മറ്റു മാരുതി മോഡലുകള്‍ .


മുന്‍വര്‍ഷത്തേതുപോലെ മാരുതി ആള്‍ട്ടോയാണ് ഒന്നാം സ്ഥാനത്ത്. 2.41 ലക്ഷം എണ്ണമായിരുന്നു ഇത്തവണ വില്‍പ്പന. 2015-16 സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് 8.27 ശതമാനം വില്‍പ്പന കുറവാണ് ആള്‍ട്ടോയ്ക്ക്. വില്‍‍പ്പനയില്‍ ഡിസയറിനെ പിന്നിലാക്കി മാരുതിയുടെ തന്നെ ടോല്‍ബോയ് ഹാച്ച്ബാക്കായ വാഗണ്‍ ആര്‍ രണ്ടാം സ്ഥാനം നേടി. മുന്‍വര്‍ഷത്തേതിനെക്കാള്‍ 1.64 ശതമാനം വില്‍പ്പന വളര്‍ച്ച നേടിയ വാഗണ്‍ ആര്‍ 1.72 ലക്ഷം എണ്ണം നിരത്തിലിറങ്ങി.
Wagon R
മൂന്നാം സ്ഥാനത്തുള്ള ഡിസയറിന്റെ വില്‍പ്പനയില്‍ 14.63 ശതമാനം കുറവുണ്ടായി. 1.67 ലക്ഷത്തിലേറെയാണ് ഡിസയറിന്റെ വില്‍പ്പന. എന്‍ട്രി ലെവല്‍ സെഡാന്‍ വിഭാഗത്തില്‍ ഏറ്റവും വില്‍പ്പനയുള്ള മോഡലാണ് ഡിസയര്‍ .സ്വിഫ്ട് ഹാച്ച്ബാക്ക് 1.66 ലക്ഷം വില്‍പ്പന നേടി. മുന്‍വര്‍ഷത്തേതിനെക്കാള്‍ 14.4 ശതമാനം കുറവാണിത്.


സ്വിഫ്ടിനോടു മത്സരിക്കുന്ന ഹ്യുണ്ടായി മോഡലായ ഗ്രാന്‍ഡ് ഐ 10 നാണ് അഞ്ചാം സ്ഥാനം. ഹ്യുണ്ടായിയുടെ പ്രീമിയം ഹാച്ച്ബാക്കായ ഐ 20 ആണ് ആറാം സ്ഥാനത്ത്. ഇതിന്റെ എതിരാളിയായ മാരുതി ബലേനോ ഏഴാം സ്ഥാനം സ്വന്തമാക്കി. എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് വിപണിയില്‍ മാരുതി ആള്‍ട്ടോ, ഹ്യുണ്ടായി ഇയോണ്‍ മോഡലുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയ റെനോ ക്വിഡ് ആദ്യമായി ടോപ് 10 പട്ടികയില്‍ ഇടം നേടി. എട്ടാം സ്ഥാനമാണ് ക്വിഡിന്. മുന്‍സാമ്പത്തികവര്‍ഷം ഈ പട്ടികയിലുണ്ടായിരുന്ന ഇയോണ്‍ ഇത്തവണ പുറത്തായി.
Top 10 Cars FY 2016-17
എഎംടി ട്രാന്‍സ്‍മിഷനുമായി എത്തി ഇന്ത്യാക്കാരുടെ മനം കവര്‍ന്ന മാരുതി സെലേറിയോയാണ് ഒമ്പതാം സ്ഥാനത്ത്. സി സെഗ്മെന്റ് സെഡാന്‍ വിപണിയില്‍ ഒന്നാമനായ ഹോണ്ട സിറ്റിയെ വില്‍പ്പനയില്‍ തോല്‍പ്പിച്ച് മാരുതി സിയാസ് പത്താം സ്ഥാനം കയ്യടക്കി. സിറ്റിയ്ക്ക് ഇത്തവണ ടോപ് 10 കാര്‍ പട്ടികയില്‍ ഇടം നേടാനായില്ല. ഹോണ്ട അമെയ്സ് ആണ് പട്ടികയില്‍ നിന്ന് പുറത്തായ മറ്റൊരു മോഡല്‍ .


ഇന്ത്യയിലെ കാര്‍ വിപണിയിയ്ക്ക് 2016-17 സാമ്പത്തികവര്‍ഷം 3.85 ശതമാനം വളര്‍ച്ച നേടാനായി. ആകെ 21.03 ലക്ഷം കാറുകളാണ് വില്‍പ്പന നടന്നത്.



Related Stories





TOP

Car Bike








Designed and developed by EGGS