Home  > News  >  News Details
ഹോണ്ട ഡബ്ല്യുആര്‍വി വിപണിയിലെത്തി
സ്വന്തം ലേഖകന്‍
Posted on: Thursday, Mar 16, 2017   1:30 PM


മാരുതി വിറ്റാര ബ്രെസയോട് മത്സരിക്കാന്‍ ഹോണ്ട ഡബ്ല്യുആര്‍വി വിപണിയിലെത്തി. ഡല്‍ഹി എക്സ്‍ഷോറൂം വില 7.75 ലക്ഷം രൂപ മുതല്‍.2016 നവംബറില്‍ ബ്രസീലിലെ സാവോ പൗളോ ഓട്ടോഷോയിലാണ് ഡബ്ല്യു ആര്‍ - വി ആദ്യമായി മുഖം കാണിച്ചത്.

വിന്‍സം റണ്‍എബൌട്ട് വെഹിക്കിള്‍ എന്നതിന്റെ ചുരുക്കെഴുത്താണ് ഡബ്ല്യുആര്‍-വി . ജാസിനെ അടിസ്ഥാനമാക്കിയാണ് നാലുമീറ്ററില്‍ താഴെ നീളമുള്ള അഞ്ച് സീറ്റര്‍ എസ്‍യുവി നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍ ജാസിനെ അപേക്ഷിച്ച് നീളം 44 മിമീ , വീതി 40 മിമീ, ഉയരം 57 മിമീ എന്നിങ്ങനെ കൂടുതലുണ്ട് ഡബ്ല്യുആര്‍വിയ്ക്ക്. വീല്‍ബേസ് 25 മിമീ അധികമുണ്ട്. നാല് മീറ്ററില്‍ താഴെ നീളമുള്ള എസ്‍യുവികളില്‍ ഏറ്റവും നീളക്കൂടുതലുള്ള മോഡലും ഡബ്ല്യുആര്‍വിയാണ്, 3,999 മിമീ ആണ് നീളം. ഗ്രൗണ്ട് ക്ലിയറന്‍സ് -188 മിമീ. ജാസിനെക്കാള്‍ 23 മിമീ അധികം.
Honda WR-V
ബിആര്‍വിയ്ക്കു് താഴെയാണ് ഡബ്ല്യുആര്‍-വിയുടെ സ്ഥാനം. ജാസിന്റെ 1.2 ലീറ്റര്‍ പെട്രോള്‍ ( 89 ബിഎച്ച്പി - 110 എന്‍എം) , 1.5 ലീറ്റര്‍ ഡീസല്‍ ( 99 ബിഎച്ച്പി - 200 എന്‍എം) എന്‍ജിനുകളാണ് കോംപാക്ട് എസ്‍യുവിയ്ക്കും ഉപയോഗിക്കുന്നത്. പെട്രോളിന് അഞ്ച് സ്പീഡ് മാന്വല്‍ ഗീയര്‍ബോക്സും ഡീസലിന് ആറ് സ്പീഡ് മാന്വല്‍ ഗീയര്‍ബോക്സുമാണ്. ഡീസല്‍ വകഭേദത്തിന് ലീറ്ററിന് 25.50 കിമീ മൈലേജ് കമ്പനി വാഗ്ദാനം ചെയ്യുന്നു. പെട്രോള്‍ വകഭേദത്തിന് ഇത്17.50 കിമീ /ലീറ്റര്‍ .
Honda WR-V
ജാസിന്റേതിനു സമാനമാണ് ഇന്റീരിയര്‍ . ക്രോം അലങ്കാരങ്ങള്‍ നല്‍കി ഇന്റീരിയറിനു പ്രീമിയം ലുക്ക് നല്‍കാന്‍ ഹോണ്ട ശ്രദ്ധിച്ചു. മുന്‍സീറ്റുകള്‍ക്ക് നടുക്കായി ആം റെസ്റ്റ് പുതിയതായി നല്‍കി. കോംപാക്ട് എസ്‍യുവികളിലാദ്യമായി സണ്‍റൂഫും ഡബ്ല്യുആര്‍വിയ്ക്കുണ്ട്. മികച്ച ബൂട്ട് സ്പേസ് ഡബ്ല്യുആര്‍വി നല്‍കുന്നു, 363 ലീറ്ററാണ് ശേഷി. വീല്‍ വലുപ്പം 16 ഇഞ്ച്.


എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാംപുകളുള്ള ഹെഡ്‍ലാംപുകള്‍ , ഓക്സിലറി ഇന്‍പുട്ടുള്ള മ്യൂസിക് സിസ്റ്റം, എസി , ഉയരവും ചെരിവും ക്രമീകരിക്കാവുന്ന പവര്‍ സ്റ്റിയറിങ് , പവര്‍ വിന്‍ഡോ, സെന്‍ട്രല്‍ ലോക്കിങ്, സ്റ്റിയറിങ്ങില്‍ ഓഡിയോ കണ്‍ട്രോള്‍ , എബിഎസ് - ഇബിഡി , രണ്ട് എയര്‍ബാഗുകള്‍ ,റിയര്‍ ഡീഫോഗര്‍ എന്നിവ അടിസ്ഥാന വകഭേദത്തിനുമുണ്ട്. 

നാവിഗേഷനുള്ള ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം , ടച്ച് സ്ക്രീന്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ , ആപ്പിള്‍ കാര്‍ പ്ലേ / ആന്‍ഡ്രോയ്ഡ് ഓട്ടോ , 16 ഇഞ്ച് അലോയ്സ് , ഡേ ടൈം റണ്ണിങ് ലാംപുകള്‍ , ക്രൂസ് കണ്‍ട്രോള്‍ എന്നിവ മുന്തിയ വകഭേദത്തില്‍ ലഭിക്കും.
Honda WR-V
ഹ്യുണ്ടായി ഐ 20 ആക്ടിവ് , ടൊയോട്ട എറ്റിയോസ് ക്രോസ്, ഫോഡ് ഇക്കോസ്പോര്‍ട് , ഫിയറ്റ് അര്‍ബന്‍ ക്രോസ് എന്നീ മോഡലുകള്‍ക്കും ഡബ്ല്യുആര്‍-വി എതിരാളിയാണ്.


ഡല്‍ഹി എക്സ്‍ഷോറൂം വില


പെട്രോള്‍ : എസ് -7.75 ലക്ഷം രൂപ, വിഎക്സ്‍ -8.99 ലക്ഷം രൂപ.


ഡീസല്‍ : എസ് -8.79 ലക്ഷം രൂപ, വിഎക്സ്‍ -9.99 ലക്ഷം രൂപ.



Related Stories





TOP

Car Bike








Designed and developed by EGGS