Home  > News  >  News Details
അപകട റിപ്പോര്‍ട്ടിങ്ങിന് ഏകീകൃത ഘടന
സ്വന്തം ലേഖകന്‍
Posted on: Thursday, Feb 23, 2017   11:00 AM


റോഡ് അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള ഏകീകൃത ഘടന റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ഹൈവേയ്സ് മന്ത്രാലയം പുറത്തിറക്കി. ട്രാന്‍സ്പോര്‍ട്ട് റിസര്‍ച്ച് വിങ്ങിലെ മുഖ്യ ഉപദേശകന്‍ , ഡല്‍ഹി, ഖരക്പൂര്‍ ഐഐറ്റികളില്‍ നിന്നുള്ള വിദഗ്ധര്‍ , ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികള്‍ , സംസ്ഥാനങ്ങളിലെ പൊലീസ് - ട്രാന്‍സ്പോര്‍ട്ട് വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ അടങ്ങുന്ന സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് അപകടം റിപ്പോര്‍ട്ട് ചെയ്യാനുള്ള ഘടന രൂപപ്പെടുത്തിയത്. പൊലീസ് തയ്യാറാക്കുന്ന പ്രഥമ വിവര റിപ്പോര്‍ട്ടി ( എഫ്ഐആര്‍ ) ലെ വിവരങ്ങള്‍ പലപ്പോഴും അപൂര്‍ണ്ണമായതിനാലാണ് ഇത്തരമൊരു പരിഷ്കാരം. വിദേശരാജ്യങ്ങളിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും അപകടങ്ങള്‍ പൊലീസ് റിപ്പോര്‍ട്ട് ചെയ്യുന്ന രീതികള്‍ പഠിച്ചശേഷമാണ് പുതിയ റിപ്പോര്‍ട്ടിങ് ഘടന രൂപപ്പെടുത്തിയത്.


നിലവില്‍ അപകടം റിപ്പോര്‍ട്ട് ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ എഫ്ഐആറില്‍ രേഖപ്പെടുത്തുന്ന വിവരങ്ങള്‍ അദ്ദേഹത്തിന്റെ അറിവിനും നിഗമനങ്ങള്‍ക്കും അനുസരിച്ചുള്ളതായിരിക്കും. ഇത് വസ്തുനിഷ്ഠമായിരിക്കണമെന്നില്ല. പ്രധാനപ്പെട്ട പല വിവരങ്ങളും അതില്‍ ചേര്‍ത്തിട്ടുമുണ്ടാകില്ല. അപകടത്തില്‍ പെട്ട വ്യക്തികളുടെ വിശദവിവരങ്ങള്‍ , വാഹനത്തിന്റെ അവസ്ഥ, റോഡ് സാഹചര്യം തുടങ്ങിയ വിവരങ്ങള്‍ വിലയിരുത്തി അപകടകാരണം വ്യക്തമായി കണ്ടെത്താന്‍ സഹായിക്കുന്ന വിധമാണ് പുതിയ റിപ്പോര്‍ട്ടിങ് രീതി. റോഡ് നിര്‍മാണത്തിലും രൂപകല്‍പ്പനയിലുമുള്ള അപാകതകള്‍ , വാഹനത്തിന്റെ തകരാറുകള്‍ തുടങ്ങിയവയൊക്കെ കണ്ടെത്തി അവയ്ക്ക് പരിഹാരം കാണാന്‍ ഇതു സഹായിക്കും.

അനായാസം പൂരിപ്പിക്കാവുന്ന വിധമാണ് ആക്സിഡന്റ് റിപ്പോര്‍ട്ടിങ് ഫോം തയ്യാറാക്കിയിരിക്കുന്നത്. ഫോമില്‍ അഞ്ച് ഭാഗങ്ങളുണ്ട്. ആദ്യത്തേതില്‍ അപകടം സംബന്ധിച്ചുള്ള പ്രാഥമിക വിവരങ്ങളാണ് നല്‍കേണ്ടത്. രണ്ടാം ഭാഗം റോഡിന്റെ വിശദവിവരങ്ങള്‍ക്കായുള്ളതാണ്. വാഹനം സംബന്ധിച്ചുള്ള വിശദവിവരങ്ങളാണ് മൂന്നാം ഭാഗത്ത് നല്‍കേണ്ടത്.നാലും അഞ്ചും ഭാഗങ്ങളില്‍ ഡ്രൈവറെ സംബന്ധിച്ചുള്ള വിവരങ്ങളും അപകടത്തില്‍ പെട്ട മറ്റു വ്യക്തികളുടെയും വിവരങ്ങളും ചേര്‍ക്കണം.


ഫോം ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക്



Related Stories





TOP

Car Bike








Designed and developed by EGGS