Home  > News  >  News Details
ലക്ഷുറി കാര്‍ വിപണിയില്‍ മെഴ്‍സിഡീസ് ബെന്‍സ് ഒന്നാമത്
സ്വന്തം ലേഖകന്‍
Posted on: Wednesday, Jan 11, 2017   10:00 AM


ഇന്ത്യയിലും ആഗോളവിപണിയിലും ആഡംബര കാര്‍വില്‍പ്പനയില്‍ ഒന്നാം സ്ഥാനം മെഴ്‍സിഡീസ് ബെന്‍സിന്. 2016 ല്‍ ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ ബെന്‍സ് ഇന്ത്യയില്‍ വില്‍പ്പന നടത്തിയത് 13,231 യൂണിറ്റാണ്. 2015 നെ അപേക്ഷിച്ച് ഇത് 2.04 ശതമാനം കുറവാണെങ്കിലും ഔഡിയെ പിന്തള്ളി തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ മെഴ്‍സിഡീസ് ബെന്‍സിനു കഴിഞ്ഞു.


2016 ജനുവരി - ഡിസംബര്‍ കാലയളവില്‍ ബെന്‍സ് ഇന്ത്യയില്‍ ഏറ്റവും വില്‍പ്പന നടത്തിയ ലക്ഷുറി സെഡാന്‍ സി ക്ലാസാണ്. ഇ ക്ലാസ് , എസ് ക്ലാസ് മോഡലുകളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ജിഎല്‍ഇ ആണ് ഏറ്റവും വില്‍പ്പന നേടിയ ബെന്‍സ് എസ്‍യുവി. ജിഎല്‍എ, ജിഎല്‍സി , ജിഎല്‍ഇ, ജിഎല്‍ഇ കൂപ്പെ, ജിഎല്‍എസ് , ജി ക്ലാസ് എന്നിവ അടങ്ങുന്ന ബെന്‍സ് എസ്‍യുവി ശ്രേണി 2016 ല്‍ 20 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.


ഔഡിയുടെ 2016 ലെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും ബെന്‍സിനൊപ്പമെത്തില്ലെന്നതാണ് സൂചന. മൂന്നാം സ്ഥാനത്തുള്ള ബിഎംഡബ്ല്യു 7,861 കാറുകളാണ് കഴിഞ്ഞ വര്‍ഷം വിറ്റത്. 2015 ലേതിനേക്കാള്‍ 14 ശതമാനം വര്‍ധനയുണ്ട്.


ആഗോള ലക്ഷുറി കാര്‍ വില്‍പ്പനയില്‍ ബിഎംഡബ്ല്യുവില്‍ നിന്ന് ഇത്തവണ മെഴ്‍സിഡീസ് ബെന്‍സ് ഒന്നാം സ്ഥാനം പിടിച്ചെടുക്കുകയായിരുന്നു. 2005 മുതല്‍ ലക്ഷുറി കാര്‍ വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്തായിരുന്ന ബിഎംഡബ്ല്യുവിന് ബെന്‍സിന്റെ മുന്നേറ്റം കനത്ത തിരിച്ചടിയായി. 2016 ല്‍ 11.3 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് മെഴ്‍സിഡീസ് ബെന്‍സ് നേടിയത്. ലോകമൊട്ടാകെ 20.84 ലക്ഷം കാറുകള്‍ ബെന്‍സ് വില്‍പ്പന നടത്തി. ജര്‍മനി ,യുഎസ്എ എന്നിവിടങ്ങളിലാണ് ഏറ്റവും വില്‍പ്പന നേടിയത്.
Global Luxury Car Sales 2016
രണ്ടാം സ്ഥാനക്കാരായ ബിഎംഡബ്ല്യു 20.03 ലക്ഷം കാറുകളാണ് വിറ്റത്. വില്‍പ്പന വര്‍ധന 5.2 ശതമാനമാണ്. ഔഡി 18.71 ലക്ഷം കാറുകളുടെ വില്‍പ്പനയുമായി മൂന്നാം സ്ഥാനം നേടി. 2015 നെ അപേക്ഷിച്ച് 3.8 ശതമാനം അധികവില്‍പ്പന ഔഡി നേടി. ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ഡാഗ്വാര്‍ ലാന്‍ഡ് റോവറിനാണ് നാലാം സ്ഥാനം. വില്‍പ്പന 5.83 ലക്ഷം കാറുകള്‍ , വോള്‍വോ കാര്‍സിനാണ് അഞ്ചാം സ്ഥാനം. 5.34 ലക്ഷമായിരുന്നു വോള്‍വോയുടെ കാര്‍ വില്‍പ്പന.



Related Stories
TOP