Home  > News  >  News Details
ലെക്ട്രോ ഇ സൈക്കിളുമായി ഹീറോ
സ്വന്തം ലേഖകന്‍
Posted on: Friday, Nov 25, 2016   10:00 AM


ഹീറോ സൈക്കിള്‍സിന്റെ ലെക്ട്രോ ഇ സൈക്കിളുകള്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തി. ഈ വര്‍ഷം തുടക്കത്തിലാണ് ലെക്ട്രോ ബ്രാന്‍ഡിനെ യൂറോപ്യന്‍ വിപണിയില്‍ ഹീറോ അവതരിപ്പിച്ചത്. ഇതിന് യൂറോപ്പില്‍ മികച്ച സ്വീകരണമാണ് ലഭിച്ചത്.


ലെക്ട്രോയുടെ നാല് മോഡലുകളാണ് ഇന്ത്യയിലെത്തിയിരിക്കുന്നത്. ഇവയുടെ വില 42,000 രൂപ മുതല്‍ 83,000 രൂപ വരെയാണ്. സാധാരണ സൈക്കിള്‍ പോലെ പെഡല്‍ ചവിട്ടി ഓടിക്കാവുന്ന ലെക്ട്രോ ഇ സൈക്കിളുകള്‍ക്ക് ഇലക്ട്രിക് മോട്ടോറുമുണ്ട്. ഊരിമാറ്റാവുന്ന ബാറ്ററിയില്‍ സംഭരിച്ച ഊര്‍ജം ഉപയോഗിച്ചാണ് ഇലക്ട്രിക് മോട്ടോര്‍ ഇ സൈക്കിളിനെ ചലിപ്പിക്കുന്നത്. ബാറ്ററി ചാര്‍ജ് ചെയ്യാന്‍ വേണ്ടത് നാല് മണിക്കൂര്‍ . ഫുള്‍ ചാര്‍ജ് ചെയ്ത ബാറ്ററിയില്‍ 50 കിലോമീറ്ററിലേറെ ദൂരം സഞ്ചരിക്കാനാവും.
Lectro e Cycle
250 വാട്ട് ശേഷിയുള്ളതാണ് പിന്‍വീലില്‍ ഘടിപ്പിച്ചിരിക്കുന്ന ഇലക്ട്രിക് മോട്ടോര്‍ . 48 അല്ലെങ്കില്‍ 36 വോള്‍ട്ട് ശേഷിയുള്ള ലിതിയം അയോണ്‍ ബാറ്ററികള്‍ ലെക്ട്രോ സൈക്കിളുകള്‍ക്കുണ്ട്. മുന്തിയ മോഡലില്‍ വീല്‍ ഹബ്ബില്‍ തന്നെയാണ് ബാറ്ററി. അല്ലാത്തവയില്‍ ഫ്രെയിമില്‍ചേര്‍ത്ത് ഉറപ്പിച്ചിരിക്കുന്നു. ഇലക്ട്രിക് മോട്ടോറിന്റെ സഹായം ഏത് അളവില്‍ വേണം എന്നത് ക്രമീകരിക്കാന്‍ പ്രത്യേകം മൊഡ്യൂള്‍ ഹാന്‍ഡില്‍ ബാറില്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ പൂജ്യത്തില്‍ സെറ്റ് ചെയ്താല്‍ പൂര്‍ണ്ണമായും പെഡലില്‍ നിന്നുള്ള ശക്തി മാത്രം ഉപയോഗിച്ചാകും സൈക്കിളിന്റെ ചലനം. അഞ്ച് സെലക്ട് ചെയ്താല്‍ പൂര്‍ണ്ണമായും ഇലക്ട്രിക് മോട്ടോറിന്റെ ശക്തി കൊണ്ട് സൈക്കിള്‍ ഓടും.
Lectro e Cycle
വിലകൂടിയ മോഡലിന് ബ്ലൂടൂത്ത് സിങ്ക് സൗകര്യം, ഇലക്ട്രോണിക് ഹബ് ലോക്ക്, ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ട്രാക്കിങ് സിസ്റ്റം എന്നിവയുണ്ട്. പരമാവധി വേഗം മണിക്കൂറില്‍ 25 കിലോമീറ്റര്‍ ആയി നിയന്ത്രിച്ചിട്ടുണ്ട്. ലെക്ട്രോ ഇ സൈക്കിള്‍ ഓടിക്കാന്‍ ലൈസന്‍സ് ആവശ്യമില്ല.



Related Stories
TOP