Home  >  Xtreme Machine  >   Xtreme Machine Details
സ്വയം ബാലന്‍സ് ചെയ്യുന്ന ഹോണ്ട ബൈക്ക്
മധു മധുരത്തില്‍
Posted on: Saturday, Jan 07, 2017   4:00 PM



സ്വയം ബാലന്‍സ് ചെയ്യുന്ന ബൈക്കുമായി ഹോണ്ട. ലാസ് വേഗാസിലെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോയിലാണ് റൈഡിങ് അസിസ്റ്റ് ടെക്നോളജി എന്നു പേരിട്ടിരിക്കുന്ന സാങ്കേതികവിദ്യയുള്ള ബൈക്കിനെ ഹോണ്ട അവതരിപ്പിച്ചത്. സെഗ്‍വേ, ബിഎംഡബ്ല്യു മോട്ടോറാഡ് വിഷന്‍ കണ്‍സപ്റ്റ് മോട്ടോര്‍സൈക്കിള്‍ എന്നിവയില്‍ നിന്ന് വ്യത്യസ്തമായി ഭാരം കൂടിയ ഗൈറോസ്കോപ്പിന്റെ സഹായം കൂടാതെയാണ് ഹോണ്ട ബൈക്ക് ബാലന്‍സ് നിലനിര്‍ത്തുന്നത്.


ഹോണ്ട അസിമോ റോബോട്ടിലും യൂണികബ് ഇലക്ട്രിക് മൊബിലിറ്റി സ്കൂട്ടറിലും ഉപയോഗിച്ച ബാലന്‍സിങ് സിസ്റ്റത്തിന്റെ നവീകരിച്ച പതിപ്പാണ് മോട്ടോര്‍സൈക്കിളിന് ഉപയോഗിച്ചിരിക്കുന്നത്.


സൈക്കിള്‍ സ്ലോ റേസില്‍ മുന്‍ചക്രം ഇരുവശത്തേയ്ക്കും വെട്ടിച്ച് ബാലന്‍സ് നിലനിര്‍ത്തുന്ന രീതി അറിയാമല്ലോ. അതേ വിദ്യയാണ് ഹോണ്ടയുടെ സെല്‍ഫ് ബാലന്‍സിങ് ബൈക്കിനും ഉപയോഗിക്കുന്നത്. മണിക്കൂറില്‍ അഞ്ച് കിമീയില്‍ താഴെ വേഗത്തില്‍ ഇലക്ട്രോണിക് സ്റ്റിയര്‍ ബൈ വയര്‍ സിസ്റ്റം ഉപയോഗിക്കുന്ന ബൈക്കിന്റെ ഹാന്‍ഡില്‍ ബാറും മുന്നിലെ ഫോര്‍ക്കുകളും തമ്മിലുള്ള ബന്ധം വിച്ഛേദിക്കും. മുന്‍വീലിന്റെ നിയന്ത്രണം പ്രത്യേക കംപ്യൂട്ടറിന്റേതാകും. ബൈക്കിന്റെ ചെരിവ് മനസിലാക്കി ചക്രത്തെ ഇരുവശങ്ങളിലേയ്ക്കും ചലിപ്പിച്ച് ബാലന്‍സ് കംപ്യൂട്ടര്‍ നിലനിര്‍ത്തുന്നു. സെക്കന്‍ഡില്‍ ആയിരക്കണക്കിന് ചലനങ്ങളിലൂടെയാണ് മറിയാനുള്ള പ്രവണത തടയുന്നത്. ഫ്രണ്ട് ഫോര്‍ക്കുകളുടെ ആംഗിള്‍ ക്രമീകരിച്ച് ബൈക്കിന്റെ ഭുഗുരുത്വകേന്ദ്രം താഴ്ത്തുന്നതിലൂടെയും കൂടുതല്‍ സ്ഥിരത ബൈക്കിന് ഉറപ്പാക്കുന്നു. വേഗം മണിക്കൂറില്‍ അഞ്ച് കിലോമീറ്ററിനു മുകളിലെത്തുമ്പോള്‍ ഹാന്‍ഡില്‍ ബാറും ഫോര്‍ക്കുകളും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കപ്പെടും. അഞ്ച് കിലോമീറ്ററിലേറെ വേഗത്തില്‍ ഏല്ലാ ടൂവിലറും സ്വയം ബാലന്‍സ് ചെയ്യപ്പെടും എന്ന കാര്യം ഓര്‍മിപ്പിക്കട്ടെ.


തുടക്കക്കാര്‍ക്കും ഭാരം കൂടിയ ബൈക്കുകള്‍ അനയാസം കൈകാര്യം ചെയ്യാന്‍ അവസരമൊരുക്കുന്നതാണ് ഹോണ്ടയുടെ പുതിയ സാങ്കേതികവിദ്യ. ഭാവിയിലെ മോട്ടോര്‍സൈക്കിളുകളില്‍ റൈഡിങ് അസിസ്റ്റ് പ്രതീക്ഷിക്കാം.




Related Stories







TOP